ജാലകം

Monday, November 11, 2013

വിക്കിസംഗമോത്സവം - 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്
പ്രിയരേ,
ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്. സഹകരിക്കുക.
വിശദാംശങ്ങൾ കാണുക
2013 ഡിസംബർ 21, 22
വൈ.എം.സി.എ. ഹാൾ, ആലപ്പുഴ - ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്
മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
help@mlwiki.in , wikisangamolsavam@gmail.com
പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ

Sunday, March 4, 2012

പൊന്മുടിയിലേയ്ക്കൊരു യാത്ര

കുറച്ചു പഴയ ഒരു യാത്രയുടെ ഓര്‍മയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ ഓര്‍മയിലില്ല. എങ്കിലും പരമാവധി കൃത്യമായി എഴുതാന്‍ ശ്രമിക്കാം. 
          ഡിഗ്രിയുടെ ഫൈനല്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ എന്നാ വ്യാജേന തിരുവനന്തപുരത്തു താമസിക്കുന്ന കാലം. കാലം ഏതാണ്ട് 2005 ഏപ്രില്‍ മാസമായിട്ടു വരും. ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു നെടുമങ്ങാട് റൂട്ടില്‍ ഏകദേശം  പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള കരകുളം എന്ന സ്ഥലത്തുള്ള കെല്‍ട്രോണ്‍ എന്ന കേരളാ ഗവണ്മെന്റ് സ്ഥാപനത്തിലാണ് പ്രോജക്ടിനായി പോയത്. അവിടെ കെല്‍ട്രോണിന്റെ തൊട്ടടുത്തു തന്നെയുള്ള ഒരു കെട്ടിടത്തിലാണ് താമസം. ഞങ്ങളുടെ പ്രൊജക്റ്റ്‌ എന്നുപറഞ്ഞാല്‍ ഭക്ഷണം, വിശ്രമം, ഉറക്കം, പിന്നെയും വിശ്രമം, ചീട്ടുകളി, വീണ്ടും വിശ്രമം എന്നീ ക്രമത്തിലാണ്. അത് വളരെ ഭംഗിയായി ഞങ്ങള്‍ നിര്‍വഹിച്ചു പോന്നു. 
          അങ്ങനെയിരുന്ന ഒരു ദിവസമാണ് ആര്‍ക്കോ പെട്ടെന്നു ബോധോദയം ഉണ്ടായത് നമ്മള്‍ ഇങ്ങനെ പഠിച്ചു മാത്രം ജീവിച്ചിട്ട് കാര്യമില്ല, ഇടക്കൊക്കെ എന്തെങ്കിലും എന്റര്‍ടൈന്‍മെന്റ് കൂടി വേണം. അല്ലെങ്കില്‍ അവസാനം വല്ല ഭ്രാന്തും പിടിപെടാന്‍ സാധ്യതയുണ്ട് എന്ന്. ഉടന്‍ തന്നെ എല്ലാവരും വട്ടം കൂടിയിരുന്നു ചിന്തിക്കാന്‍ തുടങ്ങി. എന്തുതരത്തിലുള്ള എന്റര്‍ടൈന്‍മെന്റ് ആണ് ഏറ്റവും നല്ലതെന്ന്. അവസാനം അതൊരു  യാത്രയാണെങ്കില്‍ വളരെ നന്നായിരിക്കും എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.ഒരു തീരുമാനം എടുത്താല്‍ പിന്നെ ഒട്ടും വൈകാതെ അത് നടപ്പിലാക്കണം എന്ന നിര്‍ബ്ബന്ധം ഉള്ളവരാണ് ഞങ്ങള്‍ എല്ലാവരും. യാത്ര  എങ്ങോട്ടാവണം എന്നതിനെപ്പറ്റിയായി പിന്നത്തെ ചര്‍ച്ച. അവസാനം പൊന്മുടി എന്ന് തീരുമാനിക്കപ്പെട്ടു. അതാണെങ്കില്‍ പോകാന്‍ വളരെ എളുപ്പമുള്ള സ്ഥലവുമാണ്‌. തിരുവനന്തപുരത്തുനിന്നും പൊന്മുടിയിലെയ്ക്കുള്ള കെ എസ് ആര്‍ ടി സി ബസ്‌ ഞങ്ങള്‍ താമസിക്കുന്ന നാട്ടിലൂടെയാണ് പോകുന്നതും. ഇതെല്ലാം സംഭവിക്കുന്നത് രാത്രി ഏകദേശം രണ്ടുമണി മൂന്നുമണി സമയത്താണ്. എല്ലാ ദിവസവും ആ സമയത്താണ് കിടന്നുറങ്ങിക്കൊണ്ടിരുന്നത്. രാവിലെ നേരത്തെ എഴുന്നേറ്റിട്ട് ആര്‍ക്കും പ്രത്യേകിച്ചു മല മറിക്കുന്ന പണിയൊന്നുമില്ലല്ലോ. ഏതായാലും പോകേണ്ട സ്ഥലം തീരുമാനിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് പോകാന്‍ തന്നെ ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ പൊന്മുടിക്ക് യാത്രയായി. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എട്ടുപേര്‍ 
          അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ യാത്ര ആരംഭിച്ചു.  അവിടെയെത്താന്‍ ഏകദേശം മൂന്നു മണിക്കൂറോളമെടുത്തു. അങ്ങോട്ടുള്ള റോഡ്‌ വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. വളരെ സുന്ദരമായ കാഴ്ചയാണ് റോഡിനിരുവശവും. അതെല്ലാം കണ്ട ആസ്വദിച്ച് ഞങ്ങള്‍ പൊന്മുടിയിലെത്തി. വളരെ സുന്ദരമായ സ്ഥലം. ഞങ്ങളെപ്പോലെ തന്നെ ധാരാളം പേര്‍ പൊന്മുടി കാണാന്‍ എത്തിയിരുന്നു. അവിടെയെല്ലാം കുറെ സമയം ഞങ്ങള്‍ ചുറ്റി നടന്നു. അതിനിടയില്‍ അവിടെയുള്ള കെ റ്റി ഡി സി യുടെ കോഫി ഹൌസില്‍ നിന്ന് ഒരു ലഘു ഭക്ഷണവും കഴിച്ചു. അവിടെയുള്ള ഒരു പാറയുടെ മുകളില്‍ കയറി നിന്നാല്‍ ചുറ്റുവട്ടം എല്ലാം വളരെ നന്നായി കാണുവാന്‍ സാധിക്കും. ആ പാറയുടെ മുകളില്‍ കുറേനേരം ഞങ്ങള്‍ ഇരുന്നു. എപ്പോഴും നല്ല കാറ്റുള്ള സ്ഥലം ആയതുകൊണ്ട് ക്ഷീണം അറിഞ്ഞതേയില്ല.

എന്റെ കയ്യില്‍ അന്നെടുത്ത ഫോട്ടോസ് ഒന്നും ഇല്ല ഇതൊക്കെ ഗൂഗിളില്‍ നിന്ന് തപ്പിയെടുത്തതാണ്
 
          അവിടെ മലയുടെ ഒരറ്റത്ത് ചെന്നു നിന്ന് നോക്കിയാല്‍ അങ്ങ് താഴെയുള്ള സ്ഥലങ്ങളൊക്കെ കാണാന്‍ സാധിക്കും വളരെ സുന്ദരമാണാ കാഴ്ചകളൊക്കെ. കുറെ നേരം അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നതിനു ശേഷം തിരിച്ചു പോരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ നെടുമങ്ങാടിന് ഒരു ബസ്‌ ഉണ്ടെന്നറിഞ്ഞു. ഞങ്ങള്‍ വളരെ വേഗം ബസ്‌ നിര്‍ത്തുന്ന സ്ഥലത്തേയ്ക്ക് പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ബസ്‌ പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഓടിച്ചെന്ന് ആ വണ്ടിയില്‍ കയറി. ഞാന്‍ ഏറ്റവും മുന്‍പിലുള്ള സീറ്റിലാണ് ഇരുന്നത്. ആദ്യമൊക്കെ വളരെ രസമായിരുന്നെങ്കിലും ബസ്‌ ഹെയര്‍പിന്‍ വളവുകള്‍ തിരിയുന്നത് കണ്ടപ്പോള്‍ അത് വലിയ അബദ്ധം ആയിപ്പോയി എന്നെനിക്കു തോന്നി. ബസിന്റെ മുന്‍ ഗ്ളാസില്‍ കൂടി നോക്കിയാല്‍ അത്യഗാധമായ കൊക്കയാണ് മുന്‍പില്‍ കാണുന്നത് പിന്നെങ്ങനെ പേടിക്കാതിരിക്കും. ഏതായാലും കണ്ണടച്ചിരുന്നു ഞാന്‍ ഒരുവിധം ധൈര്യം വീണ്ടെടുത്തു. നെടുമാങ്ങാടെത്തി ഭക്ഷണവും കഴിച്ചു ഞങ്ങള്‍ താമസ സ്ഥലത്തേയ്ക്ക് തിരിച്ചു. ഏകദേശം ഒന്‍പതു മണിയായപ്പോള്‍ ഞങ്ങള്‍ തിരികെ റൂമിലെത്തി.
          തിരിച്ചെത്തിയതും അടുത്ത യാത്ര എന്ന് എങ്ങോട്ട് എന്ന ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്ത് അവസാനം കന്യാകുമാരി എന്ന തീരുമാനത്തിലെത്തി. എന്ന് പോകണമെന്ന കാര്യം പിന്നീട് തീരുമാനിക്കാം എന്ന് പറഞ്ഞ് ഇരിക്കുമ്പോള്‍ അതിപ്പോള്‍ തന്നെയായാല്‍ എന്താ കുഴപ്പം എന്നൊരാള്‍ ചോദിച്ചു. അപ്പോള്‍ തന്നെ അത് കയ്യടിച്ചു പാസാക്കി. ഉടന്‍ തന്നെ എല്ലാവരും കന്യാകുമാരി യാത്രയ്ക്ക് റെഡിയാകാന്‍ തുടങ്ങി. അവിടെനിന്നു തിരുവനന്തപുരത്തെയ്ക്കുള്ള അവസാന ബസ്‌ 12 . 15 നാണ്. അതില്‍ പോകാനായി എല്ലാവരും വേഗം റെഡിയായി. പന്ത്രണ്ടു മണി ആയപ്പോഴേയ്ക്കും എല്ലാവരും ബസ്‌ സ്റ്റോപ്പില്‍ ഹാജര്‍ വച്ചു. 

കന്യാകുമാരി യാത്രയെപ്പറ്റി അടുത്ത ഒരു പോസ്റ്റില്‍ ...............

Tuesday, January 24, 2012

എന്‍റെ കുമരകം യാത്ര

ഇത് എന്‍റെ മറ്റൊരു ബ്ലോഗില്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണ്. ഇപ്പോള്‍ ഇവിടേയ്ക്ക് മാറ്റി പോസ്റ്റുന്നു 


            ട്രിപ്പ്‌ എന്നുകേട്ടാല്‍ ഏതു നരകത്തിലോട്ടും പോകാന്‍ തയാറായി ഇരിക്കുന്ന എന്നോടും ഓഫീസിലെ ട്രിപിന്‍റെ കാര്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ സന്തോഷമല്ല ഒരുതരം ആക്രാന്തമാണ് തോന്നിയത്. എങ്ങനെയെങ്കിലും പോകുന്ന ദിവസം ഒന്നെത്തിയാല്‍ മതി എന്നായി പിന്നെ.
            ഏതായാലും കാത്തിരുന്ന ആ ദിവസം വന്നെത്തി. സാധാരണ ദിവസത്തെക്കാള്‍ രണ്ടു മണിക്കൂര്‍ മുന്‍പേ തന്നെ ഉറക്കത്തില്‍നിന്നും എണീറ്റു(അല്ല അതു പിന്നെ അങ്ങനെയാണല്ലോ). പിന്നെ കെട്ടും ഭാണ്ഡവും എല്ലാം  എടുത്തു  നേരെ ഓഫീസിലേക്ക്. എട്ടര കഴിഞ്ഞപ്പോള്‍ കുമരകത്തേക്കുള്ള യാത്ര ആരംഭിച്ചു. പലതരത്തിലുള്ള കലാപരിപാടികള്‍ വണ്ടിയില്‍ വച്ചുതന്നെ ആരംഭിച്ചു. നല്ല അടിപൊളി യാത്ര.
             എകദേശം പത്തുമണി ആയപ്പോഴേക്കും കുമരകത്ത്‌ എത്തി, എത്തിയ ഉടനെ തന്നെ ഞങ്ങള്‍ കുറച്ചുപേര്‍ ചില പ്രധാന കലാപരിപാടികള്‍ ഒക്കെ നടത്തി. പിന്നീടു ബോട്ടിങ്ങിനായി പോയി.വളരെ രസകരം ആയിരുന്നു. വേമ്പനാട്ടു കായലിനു സൗന്ദര്യം ഇല്ല, ഉയിരുന്ന സൗന്ദര്യം ഒക്കെ പോയി എന്നൊക്കെ ചില ആളുകള്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടൂണ്ട്‌. ആ പറഞ്ഞവന്‍മാരെ എന്‍റെ കയ്യിലെങ്ങാന്‍ കിട്ടിയാല്‍.....



            ഏതായാലും ബോട്ടില്‍ കയറി ഇരുന്നതേ ഓരോ പേനയും പേപ്പറും കിട്ടി . എന്തോ തംബോല കളിയോ മറ്റോ ആണുപോലും. അവര്‍ പറയുന്ന നമ്പര്‍ വെട്ടിക്കളയണം എന്നും പറഞ്ഞു. നമുക്ക് വലിയ പിടിയില്ലാത്ത ഫീല്‍ഡ് ആയതുകൊണ്ട് അവര്‍ പറയുന്നത് അനുസരിച്ചേക്കാം എന്നു വിചാരിച്ചു. എന്തോ സമ്മാനം ഒക്കെ ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും എനിക്കൊന്നും കിട്ടിയില്ല. പക്ഷെ അതിനേക്കാള്‍ വലിയ സമ്മാനം ബോട്ടിന്റെ പുറകില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നത് കൊണ്ട് അത്ര നിരാശ ഒന്നും തോന്നിയില്ല. ഞാന്‍ അല്ലെങ്കിലും പണ്ടേ തന്നെ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുന്ന സ്വഭാവക്കാരന്‍ ആണല്ലോ.

      കുറച്ചു കഴിഞ്ഞപ്പോള്‍ അന്താക്ഷരി കളി ആരംഭിച്ചു. അതില്‍ വളരെ ആക്ടീവ് ആയി പങ്കെടുത്തു കൊരുന്നപ്പോഴാണ്‌ ഇനി മലയാളം പാട്ട് പാടാന്‍ പറ്റില്ല എന്നുപറഞ്ഞ്‌ ഇതിന്‍റെ പ്രധാനപ്പെട്ട സംഘാടകര്‍ തോല്‍പ്പിച്ചത്. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്‍റെ ജീവിതം പിന്നെയും ബാക്കി. എങ്കിലും ഞാന്‍ അതില്‍ പങ്കെടുത്തു.
           കുറേ സമയത്തെ കറക്കത്തിനു ശേഷം ഞങ്ങളെ റിസോര്‍ട്ടില്‍ തന്നെ കൊണ്ടുവന്ന് ഇറക്കിവിട്ടതിനു ശേഷം ബോട്ട് പോയി. ഉടനെ തന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പരിപാടി ആരംഭിച്ചു, മറ്റൊന്നുമല്ല ഭക്ഷണം തന്നെ. പേര് അറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമായ എന്തൊക്കെയോ സാധനങ്ങള്‍ ഉണ്ടായിരുന്നു.ഏതായാലും കുറേ കഴിച്ചു. ഇനിയും കഴിച്ചാല്‍ വേഗത്തില്‍ തിരിച്ചുവരും അഥവാ ശ്വാസം മുട്ടി മരിക്കും എന്ന അവസ്ഥ എത്തിയപ്പോള്‍ മനസില്ലാ മനസോടെ ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തി. ഭക്ഷണത്തിനു ശേഷം വീണ്ടും മത്സര പരിപാടികള്‍ ആരംഭിച്ചു. വീര്‍പ്പിച്ച ബലൂണ്‍ ഒരു വശത്തുനിന്ന് മറ്റൊരു വശത്തു കൊണ്ടുപോയി വയ്ക്കുക, പന്ത് എറിഞ്ഞുപിടിക്കുക തുടങ്ങി പലവിധ പരിപാടികള്‍. ഞാന്‍ ഒരിക്കലും മറക്കാത്തത് പന്ത് എറിഞ്ഞുപിടിക്കുന്നതാണ് കാരണം ഒരു പന്ത് പിടിച്ചപ്പോഴേക്കും വേറെ ആറേഴെണ്ണം കൂടി  എന്‍റെ നേര്‍ക്കു വന്നു. ഏറു കൊണ്ടിടം വച്ച്‌ അങ്ങ് തടഞ്ഞു അത്രതന്നെ . അതിനു ശേഷം കുപ്പിക്കുമുകളില്‍ തീപ്പെട്ടിക്കൊള്ളി അടുക്കുന്ന ഒരു മത്സരം കൂടി നടത്തി. എവിടെ ശരിയാകാന്‍, ഞാന്‍ കാരണം എന്‍റെ കൂടെയുള്ളവരും  തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കിലും ഈ അടുക്കിവക്കുന്ന പരിപാടി നമ്മക്ക്  പണ്ടേ ഇല്ലല്ലോ. പിന്നെ തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്ന് ഏതോ മഹാന്‍ പണ്ടെങ്ങാണ്ടു  പറഞ്ഞിട്ടുമുണ്ടല്ലോ. 
       ഞാന്‍ കയറിയ പടികളുടെ എണ്ണമെടുത്താല്‍ ഒരു നൂറു നില കെട്ടിടത്തിന്‍റെ മുകളില്‍ എത്താനുള്ളത്ര ഉണ്ടാകുമത്í. അതൊക്കെ പോട്ടെ നമുക്ക് കുമരകത്തേക്ക് തന്നെ തിരിച്ചുവരാം. അപ്പോള്‍ തീപ്പെട്ടിക്കൊള്ളി അടുക്കുന്നതും പരാജയപ്പെട്ട് അങ്ങനെ നില്‍ക്കുകയാണ്. എങ്ങിനെ ആ വിഷമം തീര്‍ക്കും എന്നും ആലോചിച്ചു നില്‍ക്കുമ്പോളാണ് അവിടെ ഒരുഭാഗത്ത് എനര്‍ജി ഡ്രിങ്ക് വിതരണം ചെയ്യുന്നത് കണ്ടത്í. നേരത്തെ അല്പം എനര്‍ജി ഡ്രിങ്ക് കഴിച്ചതാണെങ്കിലും ഒരല്‍പം കൂടി എനര്‍ജി ആകാം എന്നു തോന്നിയതിനാല്‍ കുറച്ചുകൂടി കഴിച്ചു.
 ഞാനൊന്നു മയങ്ങിക്കോട്ടെ

          ഉച്ചക്ക് ഭക്ഷണം കഴിച്ചതിനുശേഷം കുറെ പരിപാടികളില്‍ പങ്കെടുത്തു എങ്കിലും ആ ഭക്ഷണത്തിന്‍റെ ക്ഷീണം അതുവരെ മാറിയിട്ടുണ്ടായിരുന്നില്ല. കൂടെ എനര്‍ജി ഡ്രിങ്കും. അല്‍പസമയം വിശ്രമിച്ചേക്കാം എന്നു വിചാരിച്ച്‌ ഞാന്‍ ഒന്നു കിടന്നു. എന്തായാലും പിന്നെ കണ്ണു തുറന്നത്‌ എകദേശം 5 മണി ആകാറായപ്പോള്‍ ആണ് . എന്തുചെയ്യാം. എന്തൊക്കെയായാലും ഞാന്‍ ഉറങ്ങിയ സമയത്തും അവിടെ ചില മത്സരങ്ങള്‍ ഒക്കെ നടന്നു എന്നു കേട്ടു. അതില്‍ ഞാന്‍ പങ്കെടുക്കാതിരുന്നത്‌ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ വിജയത്തിലേക്കുള്ള കുറേ ചവിട്ടുപടികള്‍ കൂടി കയറിയേനെ. ദൈവം കാത്തു (എന്നെയല്ല കേട്ടൊ).
           ഒരു ചായയും പഴംപൊരിയും കഴിച്ച്‌ ഏകദേശം 5.30 ആയപ്പോള്‍ അവിടെ നിന്ന്‌ തിരിച്ചു പോന്നു. എല്ലാവരും ഞങ്ങള്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ച്‌ എറണാകുളത്തേക്കു പോന്നപ്പോള്‍, ഏതായാലും ഇവിടെ വരെ വന്നു ഇനി വീട്ടിലുംകൂടി ഒന്നു പോയെക്കാം എന്നു കരുതി വീട്ടിലേക്കും പോന്നു.കോട്ടയത്ത്‌ എത്തിയപ്പോള്‍ ഭയങ്കര ബ്ളോക്ക്‌. ഒരുവിധത്തില്‍ അതില്‍നിന്ന്‌ രക്ഷപ്പെട്ട്‌ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ അവിടെ അതിലപ്പുറം ബ്ളോക്ക്‌. ഏകദേശം എട്ടുമണി ആയപ്പോള്‍ പാലായില്‍ എത്തി. എട്ടരക്കാണു ബസ്സ്‌. എന്നാല്‍ പിന്നെ അര മണിക്കൂറ്‍ വെറുതേ കളയണ്ട എവിടെ എങ്കിലും വായ്നോട്ടം നടത്തി ആ സമയം ഫലപ്രദമായി ഉപയോഗിക്കാം എന്നു വിചാരിച്ചു.അപ്പോള്‍ ദാ അടുത്ത പ്രശ്നം. രാത്രിയില്‍ എവിടെ വായ്നോക്കും, ടൌണില്‍ കൂടി നടക്കുന്ന പൊലീസിനെയൊ. ?
          എട്ടര ആയപ്പോള്‍ വണ്ടിവന്നു, കയറി. എട്ടേമുക്കാല്‍ ആയപ്പോള്‍ വീട്ടില്‍ എത്തി.വീട്ടില്‍ എത്തിയതേ എങ്ങനെയുയിരുന്നു ട്രിപ്പ്‌ എന്ന ചോദ്യം വന്നു, അടിപൊളി എന്ന് ഒറ്റവാക്കില്‍ മറുപടിയും പറഞ്ഞു. കൂടുതല്‍ ചോദ്യോത്തര പരിപാടി നടത്തുന്നതിനുമുന്‍പേ ഭയങ്കര ക്ഷീണം എന്നുംപറഞ്ഞ് ഞാന്‍ കിടന്നുറങ്ങി. അങ്ങനെ ആ യാത്രയും അവസാനിച്ചു. മറക്കാന്‍ പറ്റാത്ത കുമരകം യാത്ര.



Tuesday, November 22, 2011

വയനാട് യാത്ര

        ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ച് എല്ലാ സ്റ്റാഫിനും കമ്പനി വക ഒരു ട്രിപ്പ്‌ അറേഞ്ച് ചെയ്തിരുന്നു. അത് എങ്ങോട്ട് എന്ന് ഒരു മാസം മുന്‍പ് മുതല്‍ എല്ലാവരോടും അന്വേഷിച്ച് കൂടുതല്‍ ആളുകള്‍ സജസ്റ്റ് ചെയ്ത വയനാട് ഉറപ്പിച്ചു. പിന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എല്ലാവരും. ചെറിയ അസൗകര്യങ്ങളുള്ള നാലഞ്ചു പേരൊഴികെ എല്ലാവരും വയനാട്ടിലേക്കുണ്ട് എന്നുറപ്പിച്ചു. അയ്യോ......... ഞങ്ങളുടെ കമ്പനിയെപ്പറ്റി പറയാന്‍ മറന്നു. Innovaturelabs എന്നാണ് പേര്. കാക്കനാടുള്ള ഒരു software development സ്ഥാപനം.


        ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകിട്ട് ഏകദേശം എട്ടരയോടെ ഞങ്ങള്‍ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഒരു വലിയ ബസും ഒരു ട്രാവലറും ആയിരുന്നു ഞങ്ങളെയും വഹിച്ചുകൊണ്ട് വയനാട്ടിലേക്കു പോകാനായി എത്തിയത്. ഞാന്‍ ട്രാവലറില്‍ കയറി അതിന്‍റെ മുന്‍പിലത്തെ സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കുറച്ച് ആളുകള്‍ക്ക് കയറുന്നതിനു വേണ്ടി ആലുവയില്‍ വണ്ടി നിര്‍ത്തി. അവരെയും കൂട്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനായി അങ്കമാലിയിലും മറ്റൊരാളെ കയറ്റുന്നതിനായി ആമ്പല്ലൂരും ചെറിയ സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വയനാട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. ഒരു ടൂറിന്‍റെ മൂഡ്‌ എല്ലാവര്‍ക്കും ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ വളരെ ആസ്വദിച്ചായിരുന്നു വണ്ടിയിലിരുന്നത്. ഞങ്ങള്‍ കുറച്ചുപേര്‍ ഭക്ഷണം parcel ആയി വാങ്ങുകയായിരുന്നു ചെയ്തത്. കുറെ സമയത്തിനു ശേഷം ഓടുന്ന വണ്ടിയിലിരുന്നുതന്നെ ഭക്ഷണം കഴിച്ചു. ഞാന്‍ കയറിയിരുന്ന ട്രാവലറിന്‍റെ ഡ്രൈവര്‍ നല്ല expert ആയിരുന്നതുകൊണ്ട് ഞങ്ങള്‍ ബസിനേക്കാള്‍ കുറെ മുന്‍പില്‍ ആയിരുന്നു. ഇടക്ക് ഒന്നുരണ്ടുവട്ടം വണ്ടി നിര്‍ത്തി പുറത്തിറങ്ങി relax ചെയ്തൊക്കെയാണ് ഞങ്ങള്‍ പോയത്. രാവിലെ മുതല്‍ ഓഫീസില്‍ ആയിരുന്നതിനു ശേഷം യാത്ര ആരംഭിച്ചത് കൊണ്ടോ എന്തോ എല്ലാവരും പതുക്കെ ഉറക്കത്തിലേക്ക് വീണു. എന്തായാലും താമരശ്ശേരി ചുരത്തിന്‍റെ (കുതിരവട്ടം പപ്പു പറയുന്ന "ഞമ്മടെ താമരശ്ശേരി ചൊരം" തന്നെ ) രാത്രി ഭംഗി ആസ്വദിക്കണം എന്ന മോഹം ഉറക്കത്തില്‍പ്പെട്ടു പോയി. പകലും രാത്രിയിലും അതിന്‍റെ സൗന്ദര്യം മുന്‍പ് പലവട്ടം ആസ്വദിച്ചിട്ടുള്ളതാണ് എന്നുള്ളതാണ് ഏക സമാധാനം.


        ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ഞങ്ങളുടെ വണ്ടി കല്‍പ്പറ്റ ടൌണില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എല്ലാവരും ഇരുന്നുറങ്ങുന്നു. എന്തായാലും ഞാന്‍ അവരെ വിളിച്ചുണര്‍ത്താനൊന്നും പോയില്ല. വെറുതെ എന്തിനാ രാവിലെ വെറും വയറ്റില്‍ തെറി കേള്‍ക്കുന്നത്. ഏകദേശം ആറരയോടുകൂടി ഞങ്ങള്‍ക്കായി റൂമുകള്‍ ബുക്ക്‌ ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് നീങ്ങി. പത്തു നിലയുള്ള ഒരു ഹോട്ടല്‍. "The Kallat Hotel" എന്നാണ് അതിന്‍റെ പേര്. എട്ടാം നിലയിലുള്ള റൂം ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഞങ്ങള്‍ അഞ്ചു പേരെ അതില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരാളെക്കൂടി തപ്പി കണ്ടുപിടിച്ച് അതിനുള്ളിലാക്കി. റൂം എന്നു പറഞ്ഞാല്‍ ഒരു റൂം മാത്രമല്ല. ഓരോ സ്യൂട്ട് റൂമും മൂന്നു ബെഡ്റൂം വീതമുള്ള ഓരോ ഫ്ലാറ്റുകള്‍ ആണ്. അത് ഫ്ലാറ്റ് ആയി നിര്‍മിച്ചിട്ട്‌, വാങ്ങിയവരില്‍ നിന്ന് തിരിച്ചു വാടകക്കെടുത്തു ഹോട്ടല്‍ നടത്തുകയാണ് എന്നു അന്വേഷിച്ചപ്പോള്‍ മനസിലായി. നല്ല സുന്ദരമായ റൂമുകള്‍. 


        വേഗം തന്നെ കുളിച്ചു റെഡി ആയി ഭക്ഷണം കഴിക്കാന്‍ എത്തി. ബ്രെഡ്‌, ബട്ടര്‍, ഇഡ്ഡലി, ചട്ണി, അങ്ങനെ കുറെ ഐറ്റംസ് ഉണ്ടായിരുന്നു. എല്ലാവരും വേഗം തന്നെ ഭക്ഷണം കഴിച്ചു പോകാന്‍ റെഡിയായി. കുറുവാദ്വീപ്‌ ആണ് ലക്‌ഷ്യം. 


        കുറുവാ ദ്വീപുകളിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഞാന്‍ പതിവുപോലെ തന്നെ ട്രാവലറില്‍ തന്നെ കയറി. അതുവരെ കൂടെയുണ്ടായിരുന്നവര്‍ എല്ലാം ബസ്സിലും കയറി. ബസിലുണ്ടായിരുന്ന കുറേപ്പേര്‍ ട്രാവലറിലും കയറി. അങ്ങോട്ടേയ്ക്ക് കല്‍പ്പറ്റയില്‍ നിന്നും ഏകദേശം നാല്‍പ്പതു കിലോമീറ്റര്‍ ഉണ്ട്. കുറുവാ ദ്വീപിനോട് അടുക്കുമ്പോള്‍ പോകുന്ന വഴിയില്‍ പലയിടത്തും ഹോട്ടല്‍ നടത്തുന്നവര്‍ കൈകാണിച്ചു നിര്‍ത്തി. അവിടെയുള്ള ഹോട്ടലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്‌താല്‍ മാത്രമേ അവര്‍ ഭക്ഷണം ഉണ്ടാക്കുകയുള്ളൂ. നേരത്തെ തന്നെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ അവരെയെല്ലാം നിരാശരാക്കേണ്ടി വന്നു. ഞങ്ങള്‍ ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് അവിടെയെത്തി. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നേവരെ ഇത്ര മോശം റോഡ്‌ കണ്ടിട്ടേ ഇല്ല. 


        അവിടെ ചെന്ന് ബോട്ടില്‍ കയറാനുള്ള എന്‍ട്രി പാസ്‌ എടുത്തു. ആളുകള്‍ തുഴയുന്ന കുറെ ഫൈബര്‍ വള്ളങ്ങളും ഒരു ചങ്ങാടവും ആണ് അവിടെയുള്ളത്. കുറേപ്പേര്‍ ആദ്യം പോയി. ഞങ്ങള്‍ ആറേഴുപേര്‍ സംസാരിച്ചുകൊണ്ട് കുറച്ചു പതുക്കെയായിരുന്നു ബോട്ടില്‍ കയറാനുള്ള സ്ഥലത്തേക്ക് നടന്നത്. എന്ത് ചെയ്യാനാ... വേറെ ഒരു ഗ്രൂപ്പ്‌ ആളുകള്‍ ഞങ്ങളുടെ മുന്‍പില്‍ ക്യൂവില്‍ സ്ഥാനം പിടിച്ചു. കുറെ നേരം നിന്നുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഊഴം എത്തി. ദ്വീപിലേക്ക് ഞങ്ങളും പ്രവേശിച്ചു. അവിടെ വീണ്ടും ഒരു ടിക്കറ്റ്‌ കൌണ്ടര്‍ കൂടി തരണം ചെയ്യേണ്ടി വന്നു.നാം വെള്ളത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരോടു പറയണം. അവര്‍ ഒരു ഗൈഡിനെ തരും. കാരണം വെള്ളത്തില്‍ ഇറങ്ങിക്കടന്നാലെ നമുക്ക് എല്ലാ ദ്വീപുകളിലും എത്താന്‍ സാധിക്കൂ. ഗൈഡ് ഒപ്പമില്ലാത്തവരെ വെള്ളത്തില്‍ ഇറക്കില്ല.(വേനല്‍ക്കാലത്ത് ഗൈഡ് ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് പിന്നീട് അറിഞ്ഞു.അപ്പോള്‍ ഏകദേശം നമ്മുടെ മുട്ടൊപ്പം വെള്ളമേ ഉണ്ടാകാറുള്ളൂ). അവര്‍ക്കേ ഏതൊക്കെ സ്ഥലങ്ങളില്‍ ആണ് വെള്ളം കുറവുള്ളത് പുഴക്ക് ആഴം കുറവുള്ളത് എന്നൊക്കെ അറിയൂ. ഗൈഡിന്റെ ചാര്‍ജ് ആയ 150 രൂപായും കൊടുത്ത് ഞങ്ങളും ഒരു ഗൈഡിനെ സംഘടിപ്പിച്ചു. പിന്നീടുള്ള യാത്രയില്‍ കുറുവാ ദ്വീപിനെപ്പറ്റിയുള്ള ഒരു ഏകദേശ ചിത്രം അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു.






        950 ഏക്കറോളം വരുന്ന ഒരു നിത്യ ഹരിത വനമാണ് ഇത്. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളില്‍ ഒന്നായ കബനീ നദി കൈവഴികളായി ഒഴുകി രൂപപ്പെട്ടതാണിത്. അപൂര്‍വയിനം പക്ഷികളും ചിത്രശലഭങ്ങളും ഔഷധ സസ്യങ്ങളുമടങ്ങുന്നതാണ് ഈ ചെറു ദ്വീപുകള്‍ . കേരളകര്‍ണാടക അതിര്‍ത്തിയിലേയ്ക്ക് ഇവിടെനിന്നു ഏകദേശം ആറ് കിലോമീറ്ററെ  ഉള്ളൂ. മഴ പെയ്തതിനാല്‍ നദി കലങ്ങിമറിഞ്ഞു ഒഴുകിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ ദ്വീപില്‍ നിന്ന് അടുത്തതിലേക്ക് പോകുവാനായി നദിയില്‍ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ചിലരൊക്കെ (ഏകദേശം മുക്കാല്‍ പങ്കും) പിന്മാറി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ നടിയിലേയ്ക്കിറങ്ങാന്‍  തീരുമാനിച്ച് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒരുക്കം എന്നത് അത്ര കാര്യമായൊന്നുമില്ല. നമ്മുടെ കൈയിലുള്ള വാച്ച്, ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നീ ഐറ്റംസ് കരക്കിരിക്കുന്നവരുടെ കയ്യിലേയ്ക്കേല്‍പ്പിക്കുക. അത്രേയുള്ളൂ.


        വെള്ളത്തില്‍ ഇറങ്ങി അടുത്ത ദ്വീപിലേക്ക് പോകാന്‍ ഞങ്ങള്‍ റെഡിയായി. ഗൈഡ് മുന്‍പില്‍ ഇറങ്ങി. അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ചു മനുഷ്യച്ചങ്ങല പോലെ ഓരോരുത്തരായി പിന്നാലെയും.അത്യാവശ്യം ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാല്‍ നദി മുറിച്ചുകടക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തായാലും ഒരല്പം കഷ്ടപ്പെട്ട് ആദ്യത്തെ നദീ കീഴടക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വളരെ നല്ല സീനറികള്‍ ഒക്കെ ആണെങ്കിലും ക്യാമറ ഇല്ലാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല. പിന്നെ അടുത്ത ദ്വീപിലേക്ക് കടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വളരെ കഷ്ടപ്പെട്ട് അതും കടന്നു. ഇതിനിടയില്‍ വെള്ളത്തിന്റെ തള്ളലില്‍ പെട്ട് പലരും വീഴുകയും ഒക്കെ ചെയ്തെങ്കിലും അതാരും കാര്യമാക്കിയില്ല. അങ്ങനെ ഒന്നൊന്നായി കടന്ന് ഏറ്റവും അവസാനത്തെ ദ്വീപില്‍ എത്തി. അവിടെ ഒരു മരം കബനിയിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. ചിലര്‍ അതില്‍ കയറാനൊക്കെ ശ്രമിച്ചു. ഒന്നുരണ്ടുപേര്‍ അതില്‍ വിജയിക്കുകയും ചെയ്തു. പിന്നീട് അതിന്റെ സൈഡില്‍ ഒഴുക്ക് കുറവുള്ള ഭാഗത്ത് ഇറങ്ങി നിന്ന് കുറെ സമയം അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ചു കളിച്ചു. പിന്നീട് എല്ലാവരും തിരികെ ആദ്യത്തെ ദ്വീപിലേക്ക് തന്നെ തിരിച്ചെത്തി. എല്ലാ ദ്വീപിലും പോയി തിരിച്ചെത്താന്‍ ഏകദേശം രണ്ടു മണിക്കൂറോളം എടുത്തു.


        കുറുവാദ്വീപില്‍ നിന്ന് ഞങ്ങള്‍ പോയത് താമരശ്ശേരി ചുരത്തിന്‍റെ  വ്യൂ പോയിന്‍റിലേക്കാണ്. അവിടെ നിന്നാല്‍ ചുരത്തിന്‍റെ ഏകദേശം സൌന്ദര്യം നമുക്ക്  ആസ്വദിക്കാന്‍ സാധിക്കും. കുറെ നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.



        ഹോട്ടലില്‍ എത്തി കുളി ചെറിയ വിശ്രമം അത്താഴം എന്നിവയ്ക്ക് ശേഷം ചെറിയ ഒരു ക്യാമ്പ്‌ ഫയര്‍ നടത്തി. പലരും പലവിധ പരിപാടികളും അവതരിപ്പിച്ചു. പക്ഷെ ഉച്ചത്തില്‍ പാട്ടുവച്ചിട്ടുള്ള ഡപ്പാന്‍ കുത്ത് ഡാന്‍സ് തന്നെയായിരുന്നു മെയിന്‍ ഐറ്റം. ക്യാമ്പ്‌ ഫയര്‍ കഴിഞ്ഞ് എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പോയി.






        പിറ്റേന്ന് രാവിലെ ഭക്ഷണത്തിനു ശേഷം റൂം വെക്കേറ്റ് ചെയ്തു. ആദ്യത്തെ യാത്ര എടയ്ക്കല്‍ ഗുഹയിലേയ്ക്കായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ അകലെ അമ്പുകുത്തി മല എന്നറിയപ്പെടുന്ന മലയില്‍ അമ്പലവയല്‍ എന്ന സ്ഥലത്തിനടുത്താണ് എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. ഏകദേശം 7000 വര്‍ഷത്തെ പഴക്കമുള്ള, നിയോലിത്തിക് കാലഘട്ടത്തിലെ ശിലാലിഖിതങ്ങള്‍ അവിടെ കാണാന്‍ സാധിക്കും. കുറെയേറെ ദൂരം നടന്നാല്‍ മാത്രമേ അവിടെയെത്താന്‍ സാധിക്കൂ. താഴെ നിന്ന് ഒരു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരേസമയം അങ്ങോട്ട്‌ കടത്തിവിടൂ. ഒരു പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയാല്‍ ഭാരം താങ്ങാനാവാതെ ഗുഹ ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം എന്നാണു അറിയാന്‍ സാധിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഗുഹയല്ല. രണ്ടു മലകള്‍ക്കിടയില്‍ ഒരു ഭീമന്‍ പാറ അടര്‍ന്നുവീ ണ് ഉണ്ടായതാണ്.

        എടയ്ക്കല്‍ നിന്നും ഞങ്ങള്‍ അടുത്തതായി യാത്ര തിരിച്ചത് പൂക്കോട് തടാകത്തിലെയ്ക്കായിരുന്നു അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ ഉച്ചഭക്ഷണവും കഴിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് പൂക്കോട് തടാകം. അവിടെ ബോട്ടിംഗ് ഒക്കെയുണ്ട്. വളരെ പ്രകൃതി രമണീയമായ ഒരു പ്രദേശം.മനോഹരമായ ഒരു പാര്‍ക്കും അക്വേറിയവും അവിടെയുണ്ട്.  കുറേനേരം അവിടുത്തെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചതിനു ശേഷം ഞങ്ങള്‍ തിരികെയുള്ള  യാത്ര ആരംഭിച്ചു.








        വയനാട്ടില്‍ ഞങ്ങള്‍ കണ്ടതിലേറെ കാണാത്ത കാഴ്ചകളാണുള്ളത്. നീലിമല വ്യൂ പോയിന്‍റ്, ബാണാസുരസാഗര്‍ അണക്കെട്ട്, ബാണാസുരന്‍മല, ഫാന്‍റം റോക്ക്, പക്ഷിപാതാളം, സണ്‍റൈസ്  വാലി, കര്‍ളാട് തടാകം, കടമാന്‍ ചിറ, പഴശ്ശി പാര്‍ക്ക്‌, കാരാപ്പുഴ ഡാംചെമ്പ്രമല, സൂചിപ്പാറ, മീന്മുട്ടി വെള്ളച്ചാട്ടം, പാല്‍ച്ചുരം, കടച്ചിക്കുന്ന് വെള്ളച്ചാട്ടം, കാന്തന്‍പാറ വെള്ളച്ചാട്ടം, ചെതലയം വെള്ളച്ചാട്ടം, മുത്തങ്ങ വന്യജീവിസങ്കേതം, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, തിരുനെല്ലി ക്ഷേത്രം, പാപനാശിനി, ജൈനക്ഷേത്രം, വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ കാണാനുണ്ട്. പക്ഷെ സമയ പരിമിതി മൂലം ഞങ്ങള്‍ ഇവയൊക്കെ കാണാതെ പുറകില്‍ ഉപേക്ഷിച്ചു  തിരികെ പോരുകയാണ്. ഇനി എന്നെങ്കിലുമൊരിക്കല്‍ വീണ്ടും ഇവിടെ വരുമ്പോള്‍ ഇവയൊക്കെ കാണാം എന്നുള്ള പ്രതീക്ഷയോടെ........


        തിരിച്ചു പോരുന്ന വഴി ഞാന്‍ രാമനാട്ടുകരയില്‍ ഇറങ്ങി. മറ്റുള്ളവര്‍ എറണാകുളത്തേയ്ക്കുള്ള യാത്ര തുടര്‍ന്നു. ഞാന്‍ തലശ്ശേരിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇരുപത്തിനാലാം തീയതി തിങ്കളാഴ്ച എനിക്ക് ഒരു സുഹൃത്തിന്‍റെ കല്യാണത്തില്‍ പങ്കെടുക്കണം. ആ കല്യാണക്കഥ പിന്നാലെ പറയാം.

Saturday, October 29, 2011

ദേശാടകന്‍

        യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. യാത്ര എന്നാല്‍ എനിക്ക് ഭ്രാന്തമായ ഒരു ആവേശമാണെന്ന് വേണമെങ്കില്‍ പറയാം. എന്‍റെ ഓരോ യാത്രകളും ഞാന്‍ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു. എല്ലാ ദിവസവും ഓഫീസിലേക്കുള്ള യാത്രകള്‍ വരെ ഞാന്‍ നന്നായി ആസ്വദിക്കുന്നു. എന്‍റെ  ഓരോ യാത്രകളെക്കുറിച്ചും ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനമാവില്ല. എന്‍റെ യാത്രകളെക്കുറിച്ചുള്ള ചില വിവരണങ്ങള്‍ ആണ് ഞാന്‍ ഇവിടെ പോസ്റ്റാന്‍ ആഗ്രഹിക്കുന്നത്. എഴുത്ത് അത്ര വശമില്ലാത്തതുകൊണ്ട് ചിലപ്പോള്‍ ഇഷ്ടപ്പെടാതെ വന്നേക്കാം. അങ്ങനെയെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക.